Wednesday, July 30, 2008

പരാജയപ്പെടുന്ന ജീവിതങ്ങളുടെ തിരക്കഥ


Stesti/Something Like Happiness (2005)
Czech Republic
Dir - Bohdan Slama

നന്മയുടെ ഓരംചേര്‍ന്നു നടക്കുന്ന ചില ജന്മങ്ങളെ ഒരു നേരം പോക്കിനെന്നോണം ജീവിതം ഇങ്ങനെ ഉപദ്രവിച്ചുകൊണ്ടേയിരിക്കും. അവര്‍ക്കു ചിലപ്പോള്‍ മുന്നോട്ടുള്ള വഴിയില്‍ ഒരു ചൂട്ടൂ വെളിച്ചത്തിന്റെ പ്രതീക്ഷപോലുമുണ്ടാകില്ല , എന്നാലും അവര്‍ ഉള്ളിലെ സങ്കടക്കടല്‍ തുളുമ്പാതെ സൂക്ഷിച്ച് ജീവിതത്തോട്‌ യാതൊരു പരിഭവവും ഇല്ലാതെ പുഞ്ചിരിച്ച് ജീവിതത്തെ തോല്‍പ്പിച്ചു കളയും.

ചെക്ക് റിപ്പബ്ലിക്കിലെ പേരെടുത്തു പറയാത്ത ഏതോ നഗരത്തിന്റെ ഓരത്ത് ഒരു ന്യൂക്ലിയര്‍ പ്ലാന്റിനു സമീപത്തെ ഹൌസിങ്ങ് പ്രൊജക്ടില്‍ ഒന്നിച്ച് വളര്‍ന്ന മോണിക്കയുടേയും, ഡാഷയുടേയും റ്റോനിക്കിന്റേയും നിറം മങ്ങിയ അല്ലെങ്കില്‍ പൊതു സമൂഹത്തിന്റെ അളവുകോലാല്‍ അളന്നാല്‍ പരാജയപ്പെട്ട ജീവിതങ്ങളുടെ സാധാരണ കഥ കാഴ്ചകളുടെ പിന്‍ബലത്തീലൂടെ അസാധാരണ അനുഭവമായി തോന്നിയ സിനിമയാണ് 2005 ലെ അക്കാദമി അവാര്‍ഡിനായി ചെക്ക് റിപ്പബ്ലിക്ക് തെരെഞ്ഞെടുത്തയച്ച Stesti/Somthing Like Happiness എന്ന സിനിമ.

ഡാഷ : സാധാരണ ജിവിതാവസ്ഥയ്‌ക്കും ഉന്മാദത്തിനും ഇടയിലുള്ള നൂല്‍പാലത്തിലൂടെയാണ് ഡാഷയുടെ ജീവിതം. രണ്ടു കുട്ടികളുടെ അമ്മയായ ഡാഷയ്ക്ക് തന്റെ കാമുകനെ തട്ടിയെടുക്കാന്‍ നടക്കുന്ന മറ്റുള്ള സുന്ദരികളായ സ്ത്രികളെയോര്‍ത്താണ് ഉത്കണ്ഠ മുഴുവനും.

റ്റോനിക്ക് : ഈ മണ്ണില്‍ തന്നെ വീണു മരിക്കണം എന്നാഗ്രഹമുള്ളതുകൊണ്ട്‌ ന്യൂക്ലിയര്‍ പ്ലാന്റിന് ഭൂമി വിട്ടുകൊടുക്കാതെ മഴ പെയ്താല്‍ ചോരുകയും, ആടിനും കോഴിക്കും മുറി പകുത്തുകൊടുക്കേണ്ടിയും വരുന്ന അമ്മായിയുടെ വീട്ടിലാണ് താമസം. വീടിനോടു ചേര്‍ന്ന് ഒരു ഗ്യാരേജു നടത്തുന്നു. കൂട്ടിന് ഒരിക്കലും തുറന്നു പറയാ‍ത്ത മോണിക്കയോടൂള്ള പ്രണയവും.

മോണിക്ക : സ്വദേശത്തോട്‌ വലിയ മമതയൊന്നുമില്ലതെ അമേരിക്കയില്‍ ജോലി തേടിപോയ കാമുകന്‍ അയക്കാനിടയുള്ള വിസയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഒടുവില്‍ വിസ വരുമ്പോള്‍ പൂര്‍ണ്ണമായും ഉന്മാദത്തിന് അടിമയായി പോകുന്ന ഡാഷയേയും അവളുടെ കുട്ടികളേയും ഓര്‍ത്ത് അമേരിക്കന്‍ ജീവിതം മോണിക്കയ്‌ക്ക് വേണ്ടെന്നു വെക്കേണ്ടി വരുന്നു. കുട്ടികള്‍ക്ക് മോണിക്ക ഒരമ്മയായി തീരുന്നു. ദൂരെ മാറി നിന്ന് ഒരച്ഛനായി റ്റോനിക്ക് ആഗ്രഹിക്കുന്ന ജീവിതത്തിന്റെ അടുത്തെവിടെയോ എത്തിപ്പെട്ടതിന്റെ ആഹ്ലാദത്തിലും. ഒടുവില്‍ സുഖമായി കാമുകനുമായി തിരിച്ചെത്തുന്ന ഡാഷ ക്രൂരമായി കുട്ടികളെ തിരിച്ചു വാങ്ങുമ്പോഴും, അമേരിക്കയിലേക്ക് പോയി ഡാഷയും റ്റോനിക്കും ഉപേക്ഷിച്ചുപോയ നാട്ടിലേക്ക് തനിയെ തിരിച്ചെത്തുമ്പോഴും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തെ നോക്കി മോണിക്ക പുഞ്ചിരിച്ചുകൊണ്ടേയിരിക്കുന്നു.

നിറം മങ്ങിയ കാഴ്ചകളും, ഗിറ്ററിന്റെ മുറുക്കിപിടിച്ച സ്ട്രിങ്ങുകളില്‍ നിന്നും വിരലയയുമ്പോള്‍ കേള്‍ക്കാന്‍ കഴിയുന്ന വിതുമ്പലിന്റെ സംഗീതവും, അലസ ക്യാമറ ചലനങ്ങളില്‍ ഫ്രെയിമുകളില്‍ ഒറ്റയായിപോകുന്ന മനുഷ്യരേയും മൃഗങ്ങളേയും വസ്തുക്കളേയും കൊണ്ട് പുറമേക്ക് കറുത്ത ഈ സിനിമയെ പുഞ്ചിരിച്ചുകൊണ്ട്‌ പരാജയം ഏറ്റുവാങ്ങി ജീവിതത്തെ തോല്‍പ്പിക്കുന്ന മോണിക്കയും ഡാഷയും റ്റോനിക്കും നല്ലൊരു അനുഭവമാക്കി തീര്‍ക്കുകയാണ്.

ഒന്നു കണ്ടൂ നോക്കു, ചിലപ്പോല്‍ ഒറ്റപ്പെടലിന്റെ കാലത്ത് പിടിച്ചു നില്‍ക്കാന്‍ ഒരു നിലവിളിയുടെ കച്ചിതുരുമ്പൂ പോലും ബാക്കിയില്ലാത്ത നേരത്ത് ഇവരുടെ ജീവിതത്തെ തോല്‍പ്പിക്കുന്ന ചിരി ഒരു പക്ഷേ താങ്ങായേക്കാം.
ഇസ്തവാന്‍ ഹാനോവറിനെ ഇതുവരെ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല.
സമര്‍പ്പണം : ഫിലിം മൂവ്‌മെന്റില്‍ നിന്നും ഡിവിഡി വാങ്ങിച്ചു തന്ന ശനിയന്

Sunday, July 20, 2008

അണിയറ


Saturday, July 19, 2008

തനിയെ ചിലര്‍ദു:ഖമേ,
ഒരു നിമിഷത്തേയ്‌ക്ക്,
ഒരു കൊച്ചായുഷ്‌കാലത്തേക്ക്,
എന്റെ വെള്ളിവെളിച്ചം എടുത്തുമാറ്റുക,
എന്റെ ദുരിതവും അന്യത്വവും
എനിക്കു ബോധ്യപ്പെടട്ടെ,
സന്ധ്യയുടെ വലയില്‍ വിറച്ചുകൊണ്ട്‌,
മഴയുടെ വിറയ്ക്കുന്ന കൈകളെ
എന്റെ സത്തയിലേക്ക്
പിടിച്ചാനയിച്ചുകൊണ്ട്‌
-- - നെരൂദ

Monday, July 07, 2008

കാര്‍ത്തിക


മോളൂട്ടിയുടെ അനിയത്തി

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP