Friday, March 14, 2008

പാട്ടനുഭവങ്ങള്‍


പ്യാരാസാ ഗാവ്‌
ലതാ മങ്കേഷ്കര്‍. ഏ.ആര്‍.റഹ്‌മാന്‍
ചിത്രം : സുബൈദ

വയലിന്റെ നടുക്ക് മുളംകാടുകള്‍ തിങ്ങിനില്‍ക്കുന്ന ഒരു തുരുത്തിലാണ് സുബിന്റെ വീട്‌. ലതാമങ്കേഷ്കര്‍ പല്ലവി പാടി കഴിയുമ്പോഴേക്കും ഞാന്‍ ബ്രഹ്മപുത്രയുടെ കരയിലുള്ള സുബിന്റെ വീട്ടിലെത്തിയിരിക്കും. അവിടെ മുളംകാടിനുചോട്ടില്‍ മരകസേരയിലിരുന്ന്‌ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലിലേക്ക് നോക്കി ഗിറ്റാറില്‍ വിരലുകളോടിച്ച് സുബിന്‍ നചികേതയുടേയും ചന്ദ്രബിന്ദുവിന്റേയും പാട്ടുകള്‍ പാടികൊണ്ടിരിക്കുന്നുണ്ടാവും. വീടിനു പുറകിലേക്ക് തുറക്കുന്ന വാതില്‍ വയലിലേക്കാണ്. വയലിലൂടെ ഇറങ്ങി കുറേ നടന്നാല്‍ വയല്‍ അവസാനിക്കുന്നിടത്ത് മറുകാണിച്ചുതരാതെ പേടിപ്പെടുത്തി നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര കാണാം. ഒരിക്കല്‍ കണ്ടാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ലാത്ത കാഴ്ച. കേള്‍‍ക്കുമ്പോഴേല്ലാം സുബൈദയിലെ ഈ പാട്ടെന്നെ അസമിലെ ബ്രഹ്മപുത്രയുടെ കരയിലെ സുബിന്റെ വീട്ടിലെത്തിക്കും, നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര കണ്ടിട്ടേ ഞാന്‍ മടങ്ങാറുള്ളു.

ബീഗി ബീഗി
ജെയിംസ്. പ്രീതം
ചിത്രം : ഗാങ്ങ്സ്റ്റര്‍

പൊഞ്ഞാറാകുമ്പോഴൊക്കെ ബാഗുമെടുത്ത് വീട്ടിലേക്കോടുന്ന സ്വഭാവമായതുകൊണ്ട് മിക്കപ്പോഴും മലബാര്‍ എക്സ്പ്രസ്സിലെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ ചവിട്ടുപടിയിലിരുന്നാണ് യാത്ര. പാട്ടുകളുണ്ടാവും കൂട്ടിന്, അന്ന്‌ ജെയിംസ്‌ മാത്രമായിരുന്നു കൂട്ട്. പ്രിതമിന്റെ ഗിറ്റാര്‍, ജെയിംസിന്റെ ബംഗ്ലാദേശി ഡ്രങ്കണ്‍ വോയ്സ്, ഗൌതം ചദോപാദ്ധ്യയുടെ ഒറിജിനല്‍ കമ്പോസിഷന്‍. ബംഗാളിയായ ജെയിംസിനല്ലാതെ മാറ്റാര്‍ക്കാണു ഗൌതംദായുടെ പാട്ടിനെ തൊടാന്‍ കഴിയുക? അന്ന്‌ തലശ്ശേരി എത്തുന്നതുവരെ ചവിട്ടുപടിയിലായിരുന്നു. ബര്‍ത്ത്കിട്ടിയപ്പോ കേറികിടന്നു. വണ്ടി നീലേശ്വരം വിട്ടോടുമ്പോഴൊക്കെ ഞാന്‍ സുഖമായി ഉറങ്ങുകയായിരുന്നു.

സന്‍വാല്‍
മേക്കല്‍ ഹസ്സന്‍ ബാന്‍ഡ്
പാക്കിസ്താനി റോക്ക്.

ഒറ്റപ്പെടലിന്റെ കാലത്ത് കൂടെനിന്നവന്‍. വാരിപ്പിടിച്ച് ചാരിനിര്‍ത്തുകയൊന്നുമായിരുന്നില്ല, പച്ചഞരമ്പു മുറിഞ്ഞ് ചോരപൊടിയുമ്പോള്‍ കൂടെ പാടുകയായിരുന്നു,
‘ മേ തോ ബൈഠീ സബ്‌ കുഛ്‌ ഹാറ്‌ വേ
കദിയാ മില് സാവല് യാറ്‌ വേ...’ ഇപ്പോ ഉണങ്ങിയമുറിവില്‍ വിരല്‍ തടയുമ്പോള്‍ ഹസ്സാ, എനിക്ക്‌ നിന്നെ ഓര്‍മ്മ വരും, നിന്റെ പാട്ടൂം

Sunday, March 02, 2008

ഓരം ചേര്‍ന്ന് മെല്ലെ നടക്കുന്നവര്‍

‘ഒപ്പരം തെയ്യം കാണാന്‍ പോവാന്ന് പറഞ്ഞിറ്റ് നീയെന്താ ഈടെ നിക്ക്‌ന്നേ’ ?

എന്നത്തേയും പോലെ അവസാനം നോക്കുമ്പോള്‍ സന്ദീപിനെ കാണാനില്ല. കണ്ടത്തിലാണ് കണ്ടത്, വെറുതെ കവുങ്ങുകളെ നോക്കി നില്‍ക്കുന്നു.
‘ഞാന്‍ കീഞ്ഞില്ല, നിങ്ങോ പോയ്കോ’

അവന്‍ എന്നും ഇങ്ങനെയാണ്.അവന്റെ മാത്രം ലോകത്ത് തനിച്ച്. ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ കാഴ്ചക്കാരനായി ബൌണ്ടറിക്ക് പുറത്ത് വെറുതെ നില്‍ക്കും, പുഴയില്‍ തിമര്‍ക്കുമ്പോള്‍ അവന്‍ മറ്റൊരു ലോകത്തെ കരയില്‍. ഒരേ പ്രായമാണ്. ഒന്നിച്ച് വളര്‍ന്നു. സ്കൂളില്‍ പക്ഷെ ബോര്‍ഡിലെഴുതിയ അക്ഷരങ്ങളൊന്നും അവനോട്‌ കൂട്ടുകൂടിയില്ല. അവിടം മുതലാണെന്നു തോന്നുന്നു അവന്‍ മെല്ലെ നടക്കാന്‍ തുടങ്ങിയത്.

എത്ര വേഗത്തില്‍ തിരിച്ചു നടന്നാലാണാവോ ഞങ്ങള്‍ നിന്റെ ലോകത്തെത്തുക..


...........
ഒപ്പരം - ഒന്നിച്ച്
കീഞ്ഞില്ല - തയ്യാറായില്ല

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP