Wednesday, November 14, 2007

ഷാ ജമാല്‍

ജീവിതത്തിലെ ഒരു വ്യാഴാച രാത്രിയെങ്കിലും ഷാ ജമാലില്‍ ഉറങ്ങാതെ പുലരണം എന്നേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു എന്നാല്‍ ലാഹോറില്‍ കാലുകുത്തിയ ശേഷമാണറിയുന്നത് ഇന്ന് ഷാ ജമാലില്‍ ഉറൂസാണെന്ന്. നേരേ അനാര്‍ക്കലി ബസാറിലേക്ക് വെച്ചുപിടിച്ചു. അനാര്‍ക്കലി ഉറൂസിനായി ഉറങ്ങാതെ അണിഞ്ഞൊരുഞ്ഞി നില്‍ക്കുകയായിരുന്നു. ഒരു കുര്‍ത്ത വാങ്ങി, ചുവന്ന നിറത്തിലുള്ളത്. ചുവന്ന നിറത്തിലുള്ള കുര്‍ത്തമാത്രമേ അവിടെയുണ്ടായിരുന്നുള്ളു എന്നതായിരുന്നു വാസ്തവം. ഒരു പക്ഷേ അനാര്‍ക്കലിലുടെ ഇഷ്ടനിറമായിരുന്നിരിക്കണം ചുവപ്പ്. അനാര്‍ക്കലിയെ ഓര്‍മ്മയില്ലേ? സലീമിനെ സ്നേഹിച്ചു എന്ന കുറ്റത്തിന് മഹാനായ അക്‌ബര്‍ ജീവനോടെ കുഴിച്ചുകൂടിയ അനാര്‍ക്കലിയെ? ഇവിടെ വെച്ചായിരുന്നുപോലും അത്‌ നടന്നത്.

അലി നൂറിയെപോലെ ലാഹോറിലലഞ്ഞ് രാത്രികാഴ്ചകള്‍ കണ്ട് ഒടുവില്‍ ഞാന്‍ ഷാ ജമാലില്‍ എത്തി. ജമാലിലേക്കുള്ള പടികള്‍ അവസാനിക്കുന്നിടത്ത് ഗൂംഗ കൊട്ടു തുടങ്ങിയിരുന്നു. ഞാന്‍ താഴെ പപ്പു സയീനിനായി കാത്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ അരണ്ടവെളിച്ചത്തില്‍ ഹാഷിഷിന്റെ പുകയിലൂടെ ഒരു സൂഫീവര്യനെപോലെ പപ്പു സയീന്‍ പ്രത്യക്ഷപ്പെട്ടു. പച്ച കുര്‍ത്ത, കഴുത്തില്‍ നിറയെ പലനിറങ്ങളിലുള്ള കല്ലുമാലകള്‍, ചുമലില്‍ വലിയ ധോള്‍. കൊട്ടിക്കയറുക എന്നതൊന്നുമല്ല പപ്പൂസയീനിന്റെ പതിവ്‌, തുടക്കം തന്നെ ആറാംകാലത്തിലാണ്. കൂട്ടിന് സൂഫി നര്‍ത്തകരുടെ ധമാല്‍ നൃത്തവും. ഭക്തിയുടെ, താളത്തിന്റെ ലഹരിയില്‍ കാഴ്ചക്കാര്‍ 'ജൂലേ ലാല്‍' 'യാ അലി' വിളികള്‍ തുടങ്ങിയപ്പോള്‍ ഞാനും വിളിച്ചു, 'ജൂലേ ലാല്‍.... ജൂലേ ലാല്‍'. കൊട്ടില്‍ മതിമറന്ന് പപ്പു സയീന്‍ ഒത്തൊരഭ്യാസിയെപോലെ ധമാലിന്റെ ചുവടുകളോടെ കൊട്ടികൊട്ടി ഏതുകാലത്തില്‍, താളത്തിലായിരുന്നോ തുടങ്ങിയത് അതേ സ്ഥലത്തില്‍ കൊട്ടിയവസാനിപ്പിച്ചു.

നേരം പുലര്‍ന്നിരുന്നു. ഷാ ജമാലില്‍ നിന്നും തിരിച്ച് നടക്കുമ്പോള്‍ എന്റെ കൂടെ ദൈവവുമുണ്ടായിരുന്നു.


അനുബന്ധം :
പപ്പു സയീനും ഷാ ജമാലിലെ സൂഫി നര്‍ത്തകരും - വീഡിയോ

18 comments:

ലാപുട 5:28 AM  

വായിച്ചു, കണ്ടു, ഉള്ളില്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരിടത്തേക്ക് എടുത്ത് വെച്ചു.

അറ്റന്‍ഷനായി നിന്ന് കൈവിടര്‍ത്തി ഉള്ളുനിറഞ്ഞ് ഒരു സലാം. ഈ പോസ്റ്റിനും, തുളസിക്കും ബ്ലോഗ് എന്ന മാധ്യമത്തിനും.:)

ശോണിമ 10:04 AM  

:)

ശ്രീലാല്‍ 10:13 AM  

തരിപ്പുകയറ്റി ശരിക്കും .. എഴുത്തും പങ്കുവെച്ച അറിവും കാഴ്ചകളും എല്ലാം കൂടി.

ലാപുടയോടൊപ്പം തന്നെ സ്വീകരിക്കൂ ഈയുള്ളവന്റെയും ഒരു സല്യൂട്ട്.

ഉമ്പാച്ചി 2:21 PM  

ജൂലെ ജൂലെ
പ്യാര്‍ കെ ജൂല് മെ ജൂലെ...
ദായെ ഹലീമാ പ്യാര്‍ ക ജൂല് മെ ജൂലെ,
ഉത്തരേന്ത്യ ചുറ്റിയ ഒന്നുരണ്ടുമാസങ്ങള്‍
ഉള്ളില്‍ കൊട്ടിപ്പാടി വന്നു,
ഞാനിവിടെ ആദ്യമാണ്, പെരുത്തിഷ്ടായി.

കുട്ടിച്ചാത്തന്‍ 8:55 PM  

ചാത്തനേറ്: കുരുത്തോലയിട്ട കസേര മോളില്‍ സാരിയിട്ട ആരോ ഇരിക്കുന്ന പടമാ അല്ലേ?

ശ്രീലാല്‍ 9:14 PM  

കുരുത്തോലയില്‍ തീര്‍ത്ത തെയ്യത്തിന്റെ ഒട പോലെയും ഉണ്ട്.

Pramod.KM 1:01 AM  

നന്ദി തുളസി:)

സു | Su 7:00 AM  

:)

വെള്ളെഴുത്ത് 8:05 AM  

തുളസീ ഷാ ജമാല്‍.. നല്ല പരിചയമുള്ള പേരുപോലിരിക്കുന്നു. എങ്ങനെയാണാവോ...
എന്നെയും കൂടെ കൂട്ടാത്തതെന്ത്?

വാല്‍മീകി 7:22 PM  

ഒരു നല്ല വായനയ്ക്ക് കളമൊരുക്കിയത്തിനു നന്ദി

..::വഴിപോക്കന്‍[Vazhipokkan] 9:41 PM  

:)

Thulasi 12:58 AM  

നന്ദി.

ശ്രീലാലേ,
ഒരു തെയ്യചിത്രമാണ്,ടൈറ്റ്‌ ക്രോപ്പ്‌ഡ്.

വെള്ളെഴുത്തേ,
അലജാന്ദ്രൊ ഗോണ്‍സാലോസിനെ കാണാന്‍ പോയാകൊള്ളാമെന്നുണ്ട്,വരുന്നോ?

ശ്രീലാല്‍ 7:37 AM  

വെളിച്ചവും നിറവും എല്ലാം ചേര്‍ന്ന് ചിത്രവും ക്രോപ്പിംഗും അസ്സലായി. ഏതാണ് തെയ്യം..? തെയ്യം കീയുന്നതിനു മുന്‍പെ എടുത്തതാണെന്നു കരുതുന്നു.

കണ്ണൂസ്‌ 5:02 AM  

തുള്‍സ്, നിനക്കൊരു ലാഹോറി ഹൂറിയെ ആലോചിക്കട്ടേ?

കണ്ണൂസ്‌ 5:14 AM  

ജനുവരി അഞ്ചു മുതല്‍ പത്തു വരെ ഞാന്‍ ലാഹോറില്‍ ഉണ്ടാവും.

Thulasi 11:05 PM  

കണ്ണൂസേട്ടാ,
ഹൂറിനെ വേണ്ടാ,മേക്കല്‍ ഹസന്‍ ബാന്‍ഡിന്റേയും,അഹമ്മദ് ജഹാന്‍ സേബിന്റേയും പാട്ടുകള്‍ വേണമായിരുന്നു :)

Inji Pennu 12:33 PM  

This comment has been removed by the author.

പാച്ചു 10:07 AM  

വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ധാരണ തെറ്റി, അനാര്‍ക്കലിയുടെ സ്നേഹത്തിനു മുന്നില്‍ അക്ബര്‍ ചക്രവര്‍ത്തിപോലും തോറ്റു’ എന്നാണു കേട്ടിരുന്നത്, നൂ‍ര്‍ജഹാന്‍ വരുന്നതുവരെ ജഹാംഗീറിന്റെ ഇഷ്ടഭാര്യ അവരായിരുന്നു എന്നും കേട്ടിരുന്നു, എന്നിട്ടിപ്പോളിങ്ങനെയാണെന്നോ ?
ഒരു സംശയം ഈ ഉറൂസ് ഫോട്ടോഗ്രാഫു ചെയ്യാന്‍ സമ്മതിക്കുമോ ?

എന്തായാലും സംഗതി കലക്കി

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP