Wednesday, February 28, 2007

വായനശാല


‘എന്തായിത്തീരാനാണ് ആഗ്രഹം‘ എന്ന് ടീച്ചര്‍ ചോദിച്ചതിന് ‘ തീരുമാനിച്ചിട്ടില്ല ’ എന്നുത്തരം പറഞ്ഞ ദിവസം വൈകുന്നേരം വായനശാലയില്‍ പുസ്തകങ്ങള്‍ അടക്കിവെച്ച അലമാരകളുള്ള മുറിയില്‍ സംശയത്തോടെ നില്‍ക്കുകയായിരുന്നു ഞാന്‍. മുറിയില്‍ കത്താത്ത ബള്‍ബിനെ പരിഹസിച്ച് മുരണ്ടൊച്ചയുണ്ടാക്കി ഒരു ഫാന്‍ കറങ്ങുന്നു. പൊട്ടിയ ഓടിന് പകരം മേല്‍ക്കുരയില്‍ പാകിയ കണ്ണാടികഷ്ണങ്ങളിലൂടെ വെയില്‍ വട്ടങ്ങള്‍ മുറില്‍ ചിന്നിചിതറിക്കിടക്കുന്നു.

അധികമാരും അടുത്തുചെല്ലാത്ത, കട്ടിയുള്ള ചുവന്ന പുറംചട്ടയുള്ള പുസ്തകങ്ങള്‍ അടുക്കിവെച്ച് പൊടിപിടിച്ച്ക്കിടക്കുന്ന അലമാരയില്‍ ഒരനക്കം കെട്ട് അടുത്തുചെന്നപ്പോള്‍ The Condition of the Working Class in ...... എന്നുതുടങ്ങുന്ന പേരുള്ള ഒരു പുസ്തകത്തില്‍ നിന്നും ഒരു താടിക്കാരന്‍1 എന്നെ പിടിച്ചു വലിച്ച് പുസ്തകത്തിലിട്ടു. കണ്ണു തുറന്നപ്പോള്‍ ഞാന്‍ വായനശാലയിലായിരുന്നില്ല. മറ്റൊരു കാലത്തില്‍ മറ്റൊരു ലോകത്തിലായിരുന്നു.

ശാന്താമായൊഴുകുന്ന ഒരു വലിയ നദി. നദിയുടെ തീരത്ത് കോലാഹലങ്ങളൊന്നുമില്ലാത്ത ഒരു പട്ടണം. നദിയുടെ പേര് മൊസല്ലി എന്നാണെന്നും നമ്മളിപ്പോള്‍ പുരാതന ജര്‍മന്‍ നഗരമായ ട്രിയറിലാണെന്നും താടിക്കാരന്‍ പറഞ്ഞു തന്നു. നടന്ന് നടന്ന് ഞങ്ങളൊരു കോളേജിന്റെ അടുത്തെത്തി. കോളേജിന്റെ കവാടത്തില്‍ ജിംനാഷ്യം കോളേജ്, ട്രിയര്‍ എന്ന് വലിയ അക്ഷരത്തില്‍ എഴുതിവെച്ചിരിക്കുന്നു. താടിക്കാരന്‍ എന്റെ കൈപിടിച്ച് വരാന്തയിലൂടെ നടന്ന് ഒരു ക്ലാസ്സ് മുറിയുടെ മുന്നില്‍ കൊണ്ടു നിര്‍ത്തി. ക്ലാസ്സില്‍ ബ്ലാക്ക് ബോര്‍ഡിന് അടുത്തായി തൂക്കിയിട്ടിരിക്കുന്ന കലണ്ടറില്‍ വര്‍ഷം 1835 എന്നും മാസം ആഗസ്റ്റ് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ‘ഉദ്യോഗം തെരെഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു യുവാവിന് ഉണ്ടാകുന്ന ചിന്തകള്‍’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു ആ ക്ലാസിലെ കുട്ടികള്‍. ഒരേ ഭാഷയില്‍ ഒരേ പോലുള്ള പ്രബന്ധങ്ങള്‍ക്കൊടുവില്‍ തലയില്‍ ഒരു കെട്ടുണ്ടായിരുന്നെങ്കില്‍ വിവേകാന്ദന്‍ തന്നെ എന്നെന്റെ മനസ്സില്‍ തോന്നിപ്പിക്കുമാറ് രൂപമുള്ള ഒരു ചെറുപ്പക്കാരന്‍ തന്റെ പ്രബന്ധം വായിക്കാന്‍ തുടങ്ങി.

“ ... മാനവ സമുദായത്തിന്റെ നന്മയ്ക്കായി ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാനുതകുന്ന ഒരു തൊഴിലാണ് നാം തെരെഞ്ഞെടുക്കുന്നതെങ്കില്‍, വൈഷമ്യഭാരങ്ങള്‍ നമ്മുടെ നടു വളയ്ക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ ആ ത്യാഗങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണല്ലോ. അതിലൂടെ നമുക്ക് ലഭിക്കുന്ന ആനന്ദമോ? അത് ക്ഷുദ്രമോ പരിചിതമോ വ്യക്തിപരമോ ആയിരിക്കില്ല. അപ്പോള്‍ നമ്മുടെ കര്‍മ്മങ്ങള്‍ ഒതുക്കത്തോടെയാണെങ്കിലും നിത്യതയിലേക്ക് നീളുന്നു. നന്മ നിറഞ്ഞവരുടെ തിളക്കമാര്‍ന്ന അശ്രുകണങ്ങള്‍ നമ്മുടെ ചിതാഭസ്മത്തില്‍ പതിക്കും..... നമുക്ക് യോജിച്ചതാണെന്ന് വിശ്വസിക്കുന്ന ഒരു തൊഴില്‍ തെരെഞ്ഞെടുക്കാന്‍ മിക്കപ്പോഴും സാധ്യമാകുന്നതല്ല.കാരണം സാമൂഹ്യബന്ധങ്ങള്‍ നാം അറിയാതെ നമുക്കതിനെ മനസ്സിലാക്കാന്‍ സാധിക്കും മുമ്പേ തന്നെ രൂപം കൊള്ളുന്നു ... തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നൊരാള്‍ക്ക് ഒരു പ്രസിദ്ധനായ ശാസ്ത്രജ്ഞനോ വലിയ സിദ്ധനോ മഹാകവിയോ ആയിത്തീരാന്‍ ഒരു പക്ഷെ സാധിക്കുന്നതാണ്. എന്നാല്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ കുറ്റമറ്റവനോ മഹാത്മാവോ ആകുന്നില്ല. ഒരു പൊതുലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച്‌ സ്വയം മഹത്വം നേടുന്നവരെയാണ് ചരിത്രം മഹാത്മാക്കളായി അംഗീകരിക്കുന്നത് ...” 2

അങ്ങനെ തുടര്‍ന്ന ആ പ്രബന്ധ അവതരണം അവസാനിച്ചപ്പോള്‍ ക്ലാസ് മുറിയില്‍ അത്ഭുതവും നിശബ്ദതയും തളംകെട്ടിനിന്നു. താടിക്കാരന്‍ എന്നോട് ആവേശത്തോടെ,സ്വകാര്യമായി പറഞ്ഞു ആ ചെറുപ്പക്കാരന്റെ പേര് മാര്‍ക്സ് എന്നാണെന്ന്.

ഞെട്ടിയുണര്‍ന്നപ്പൊള്‍ വായിച്ച് തീര്‍ത്ത “മാര്‍ക്സ്, നിന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ എന്താണെടുക്കേണ്ടത്‌ ”എന്ന യാത്രാവിവരണത്തില്‍ നിന്നും ലേഖകന്‍ അനികുമാര്‍ ഏ. വി എന്നോട് ചോദിച്ചു,

“എന്ത് തീരുമാനിച്ചു ?”


1 ഫെഡറിക്‌ എംഗല്‍സ്

2 'Reflections of a Young Man On The Choice Of Profession' എന്ന കാറല്‍ മാക്സ് പ്രബന്ധം. അനില്‍കുമാര്‍ ഏ.വിയുടെ മലയാള പരിഭാഷയില്‍ നിന്നും.
24 comments:

vilakudy 4:13 AM  

The world may have turned its back on Marx and his beautiful idea, but his ideology is a hope for the world. The USSR and the Europran countries may have embraced a fashionable ideology, but Latin America is the hope now. Chavez and his friends are trying their best to bring back that lost Kingdom into their lives. The idea will remain in our minds as long as we are alive. The US government can only dethrone Left governments, they can't pluck away the idea itself. Thulasi, by the way, all right-thinking people are left oriented. You are in the right track.

മുല്ലപ്പൂ || Mullappoo 4:15 AM  

തുളസീ,
നല്ല എഴുത്ത്, പെട്ടെന്ന്ന്‍ തീര്‍ന്നു പോയ പോലെ.

കാലിക പ്രസക്തം ആണ്‍ല്ലോ ? എന്തു തീരുമാനിച്ചു ? :)

k r 9:55 PM  

nalla narration.
u ve nice way of telling things. y dont u turn to writing seriously?

bodhappayi 10:21 PM  

മാര്‍ക്സ്‌ എന്ന സാമൂഹിക ശാസ്ത്രജ്ഞനെ അറിയുന്നതിലൂടെ ഇന്നത്തെ കാലത്ത്‌ ചെയ്യാന്‍ കഴിയുന്നത്‌ ബോധവത്കരണമാണ്‌. രാഷ്ട്രീയ ചിന്ത സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിലേക്കൊഴുന്ന ഈ കാലത്ത്‌ ഒരോ സാമൂഹിക പ്രതിപത്തിയുള്ള മനുഷ്യനും ചെയ്യേണ്ടത്‌ തന്റെ കണ്ണൂം കാതും കൂര്‍പ്പിക്കുകയാണ്‌. ഗ്ലോബലൈസേഷന്‍ കുറച്ചു പേര്‍ക്കു പണവും പ്രതീക്ഷകളും തന്നു, മറുവശത്ത്‌ ഒരു വലിയ ഭൂരിഭാഗത്തിനു ആത്മഹത്യകളും തൊഴിലില്ലയ്മയും കൊടുത്തു. ഇന്നു നാം പണമുണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധി പ്രയോഗിക്കെണ്ടത്‌ അതു എങിനെ ചിലവാക്കണം എന്നതിലാണ്‌. സുഭിക്ഷ പോലത്തെ organized retail സംരംഭങ്ങള്‍ റോഡരികിലുള്ള ചന്തകളും വീടിനടുത്തുള്ള പലചരക്കുകടകളും ടാര്‍ജറ്റ്‌ ചെയ്യുമ്പോള്‍ നാം അറിയാന്‍ ശ്രമിക്കേണ്ടത്‌ അവയുടെ സാമൂഹികമായ ആവശ്യമാണ്‌. ഭാരതിയുടെ മറ പിടിച്ചു വാള്‍മാര്‍ട്ട്‌ ഇന്ത്യയിലേക്കു കാലുകുത്തുകയാണ്‌, അവരും ടാര്‍ജറ്റ്‌ ചെയ്യുക മേല്‍പ്പറഞ്ഞ, മിഡില്‍ ക്ലാസിനു പ്രിയപ്പെട്ട, കച്ചവടക്കരെയാകും. ഇത്തരം സംരംഭങ്ങള്‍ കര്‍ഷകരോടു നേരിട്ടു കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ കര്‍ഷകനു ആദ്യത്തെ നാലൊ അഞ്ചൊ വര്‍ഷം ആദായം ലഭിക്കും. ആ സമയം കൊണ്ടു സപ്ലൈ ഇല്ലാതെ പലചരക്കുകടകളും ചന്തകളും നിന്നു പോകും. പിന്നെ organised retail സെക്റ്റരിന്റെ ഭരണമാകും. പൂഴ്തിവെപ്പിളൂടെ കൃത്രിമമായ കമ്മി ഉണ്ടാക്കി സാധനങ്ങള്‍ക്കു വില കയറും, സാധാരണക്കാരന്‍ ഭക്ഷണത്തിനു നെട്ടോട്ടമോടും.

വാള്‍മാര്‍ട്ട്‌ രംഗപ്രവേശനം ചെയ്ത്താല്‍ കര്‍ഷകരും രക്ഷപ്പെടില്ല. ആറാം വര്‍ഷം നല്ല വിലക്കുറവിന്‌ മറുരാജ്യങ്ങളില്‍ നിന്നും കാര്‍ഷികോല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു ഇവര്‍ നാടന്‍ കര്‍ഷകരുടേയും നടുവൊടിക്കും. നമുക്ക്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട നേരമായി.

സു | Su 10:28 PM  

തുളസീ :) എന്ത് തീരുമാനിച്ചൂ? വേഗം പറയൂ.

ഇതൊക്കെ അനില്‍‌കുമാറിന്റെ ലേഖനത്തില്‍ നിന്നാണോ?

Thulasi 10:34 PM  

അനില്‍കുമാറിന്റെ ലേഖനം അതേപടി പകര്‍ത്തിയെഴുതാന്‍ ഞാന്‍ Yahoo! അല്ലല്ലോ ചേച്ചി :)

സു | Su 10:38 PM  

തുളസീ, അതുകൊണ്ടല്ലേ ലേഖനത്തില്‍ നിന്നാണോ എന്ന് ചോദിച്ചത്. അല്ലെങ്കില്‍ ഇത് അനില്‍കുമാറിന്റെ ലേഖനം ആണ് അല്ലേ എന്നല്ലേ ചോദിക്കുക?

:)

ലാപുട 11:34 PM  

തുളസീ,
സമയത്തില്‍ നിന്ന് സ്വാസ്ഥ്യം അരിച്ചെടുക്കുന്നതിനെ ജീവിതമെന്ന് വിളിക്കേണ്ടിവരുമ്പോഴും ഒരു അരിപ്പയ്ക്കും തടഞ്ഞുനിര്‍ത്താനാവാത്ത അമ്ലരൂക്ഷത നമ്മുടെ ഓര്‍മ്മകളിലെങ്കിലും ബാക്കിയാവുന്നുണ്ടാവും അല്ലേ?
നന്ദി...

vilakudy 3:04 AM  

Great comments Kuttappayi. No one is bothered about the monsters like Wal-Mart. Thta is the biggest tragedy.
Thulasi, you are at your sarcastic best in your reply to Su. Yahoo has a rich history of copying materials. not just from Malaylam blogs but from other languages as well.

Reshma 9:41 AM  

നല്ല പോസ്റ്റ്.stumbling forward ache എന്ന് പറയുന്ന ആ മുന്നോട്ട്/നന്മയിലേക്ക്/വളര്‍ച്ചയിലേക്കുള്ള തള്ള് തരുന്ന വരികള്‍.

venu 9:52 AM  

നല്ല പോസ്റ്റു്. തീരുമാനിക്കാനെന്തിരിക്കുന്നു അല്ലേ.?‍

വിഷ്ണു പ്രസാദ് 10:27 AM  

തുളസിയുടെ എല്ലാ പോസ്റ്റുകളും നന്മയിലേക്കുള്ള ഒരു വിളിയാണ്.ഈ പോസ്റ്റും ഹൃദയം കവരുന്നതാണ്.

സങ്കുചിത മനസ്കന്‍ 11:00 AM  

തുളസീ,
സമയത്തില്‍ നിന്ന്
സ്വാസ്ഥ്യം
അരിച്ചെടുക്കുന്നതിനെ
ജീവിതമെന്ന്
വിളിക്കേണ്ടിവരുമ്പോഴും
ഒരു
അരിപ്പയ്ക്കും
തടഞ്ഞുനിര്‍ത്താനാവാത്ത
അമ്ലരൂക്ഷത
നമ്മുടെ
ഓര്‍മ്മകളിലെങ്കിലും
ബാക്കിയാവുന്നുണ്ടാവും...

-lapuda sorry for editing ;)
നന്ദി...

DivS 9:57 AM  

Picture is nice, and the writing - a good attempt to swim against the waves of the contemporary world : )

Inji Pennu 4:11 PM  

തുളസിക്കുട്ട്യേ,
മാര്‍ക്സ് മാത്രം പോരാട്ടൊ ഞം ഞം വെക്കാന്‍ :)

പഴ്യ ലൈബ്രറിയും ആ ബള്‍ബിനെ കളിയാക്കി കറങ്ങുന്ന ഫാനും.....പടത്തില്ലില്ലാത്തത് വാക്കിലൂടെ കാണിച്ചു തന്നു.

യാത്രാമൊഴി 4:38 PM  

തുളസി,
ഇതുപോലെയുള്ള വായനശാലകള്‍ ഇനിയും ബാക്കിയുണ്ടെന്നറിയുന്നത്‌ ഒരാശ്വാസം തന്നെ!

saptavarnangal 5:04 PM  

തുളസി,
നന്നായിട്ടുണ്ട്, നല്ല ചിത്രവും നല്ല എഴുത്തും.

കുറച്ചങ്ങോട്ട് കിടന്നു ചിന്തിച്ചാല്‍ ആധുനികതയും പഴമയും ഒരു തൂണിന്റെ അപ്പുറവും ഇപ്പുറവും....


ഇനി ഓ ടോ:
നല്ല ഫ്രെയ്മിങ്ങ്, ആ മധ്യഭാഗത്തെ തൂണ് ഫോട്ടോയെ രണ്ടായി വിഭജിച്ച് 2 ലോകങ്ങള്‍ കാണിച്ചു തരുന്നു. അവയുടെ coexistence നെ കുറിച്ച് , വൈരുധ്യങ്ങളെ കുറിച്ച് അധികം പറയുന്നില്ല. അകത്തെ പ്രകാശത്തിനു പ്രാധാന്യം കൊടുത്തതു കൊണ്ട് ഫോട്ടോയുടെ പുറം ഭാഗത്തു (വാതില്‍ പാളി?) വരുന്ന ഓവര്‍ എക്സ്പോഷര്‍ വലിയ കാര്യമാക്കുന്നില്ല. എങ്കിലും ആ ഇടത്തു ഭാഗത്തുള്ള വാതിലിലെ നോട്ടീസുകള്‍, ആ നിറം ഓവര്‍ എക്സ്പോസ്ഡ് ആയി പോയതു കൊണ്ട് ഇത്തിരി ഡിസ്റ്റ്‌റാക്ഷനാകുന്നു.

പിന്നെ ഫോട്ടോയുടെ ചരിവ്( തറ ബോഡറിനോട് ചേര്‍ന്ന് കിടക്കുന്നതു കൊണ്ട്) വ്യക്തമാണ്. ഫോട്ടോഷോപ്പില്‍ ചെറുതായി ഒന്നു ചുറ്റിച്ചാല്‍ മതിയെല്ലോ!

kumar © 8:37 PM  

തുളസീ, നല്ല ചിത്രവും എഴുത്തും. സന്തോഷം തരുന്ന പോസ്റ്റുകള്‍

കൃഷ്‌ | krish 9:32 PM  

വായനശാലകള്‍ കള്ളുകുടി/ചീട്ടുകളി സങ്കേതങ്ങള്‍ ആയിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത്‌ ഇതുപോലത്തെ കാഴ്ചകള്‍ വിരളം.

സജിത്ത്|Sajith VK 7:59 PM  

തീരുമാനങ്ങളെടുക്കുമ്പോള്‍ പ്രചോദനപ്രദമാകട്ടെ ഈ പോസ്റ്റ്..

:)

Thulasi 5:26 AM  

എല്ലാവര്‍ക്കും നന്ദി.

മാര്‍ക്സിനെ കൂടുതല്‍ വായിച്ച വിലകുടിക്കും കുട്ടപ്പായിക്കും,ചിത്രത്തെ കൂടുതല്‍ കണ്ട സപ്തനും പ്രത്യേകം നന്ദി :)

nalan::നളന്‍ 7:11 PM  

കുട്ടപ്പൈയി..
ആ കമന്റ് ഇവിടെ കൂടി ഇട്ടിരുന്നേല്‍‍ നന്നായിരുന്നു.

സങ്കുചിത, ഈ എഡിറ്റിങ്ങ് പരിപാടി അരോചകമാകുന്നു എന്നു ഇനിയെങ്കിലും പറയാതിരിക്കാന്‍ കഴിയുന്നില്ല.

പോസ്റ്റ് അവസരോചിതം തുളസീ.

തഥാഗതന്‍ 6:46 AM  

തുളസി
കാണാന്‍ വൈകി..
ഈ പാതയിലൂടെ കുറേ ദൂരം നടന്ന ഒരാള്‍ക്ക് ഈ എഴുത്തിന്റെ തീവ്രത പെട്ടന്ന് ഉള്‍ക്കൊള്ളുവാനാ‍കും
മാര്‍ക്സിനെ കുറിച്ച് എന്തെങ്കിലും വായിച്ചിട്ട് വര്‍ഷം 10 കഴിഞ്ഞു.ഭക്ഷണം കിട്ടാന്‍ മാര്‍ക്സിനെ വായിച്ചാല്‍ മാത്രം പോരാ എന്നു പറയുന്ന ഇടുങ്ങിയ മനസ്സുകളില്‍ നിന്നും നമുക്ക് ഇനിയും ഒരു മോചനം ആയില്ലെ?...

qw_er_ty

Pramod.KM 11:11 PM  

തുളസിച്ചേട്ടാ..
ഈ ഫോട്ടൊ ഇപ്പോള്‍ ആണ്‍ കണ്ടത്.കുറിപ്പുകളും.ഇതിന്‍ ഇപ്പോഴെങ്കിലും കമന്റിട്ടില്ലെങ്കില്‍ എന്തൊ ഒരു സാധനം വന്ന് എന്റെ എവിടെയോ കുത്തിക്കൊണ്ടിരിക്കും.
നമുക്ക് വായനശാലകള്‍ വെറും വായനശാലകളല്ലല്ലോ!
വ്യക്തിത്വത്തിന്റെ ഈ ഫാക്ടറി ഭൂതകാലത്തെ മികച്ച ഒരു കുളിരാവുന്നതും അങ്ങനെ ആണ്‍.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP