Wednesday, February 28, 2007

വായനശാല


‘എന്തായിത്തീരാനാണ് ആഗ്രഹം‘ എന്ന് ടീച്ചര്‍ ചോദിച്ചതിന് ‘ തീരുമാനിച്ചിട്ടില്ല ’ എന്നുത്തരം പറഞ്ഞ ദിവസം വൈകുന്നേരം വായനശാലയില്‍ പുസ്തകങ്ങള്‍ അടക്കിവെച്ച അലമാരകളുള്ള മുറിയില്‍ സംശയത്തോടെ നില്‍ക്കുകയായിരുന്നു ഞാന്‍. മുറിയില്‍ കത്താത്ത ബള്‍ബിനെ പരിഹസിച്ച് മുരണ്ടൊച്ചയുണ്ടാക്കി ഒരു ഫാന്‍ കറങ്ങുന്നു. പൊട്ടിയ ഓടിന് പകരം മേല്‍ക്കുരയില്‍ പാകിയ കണ്ണാടികഷ്ണങ്ങളിലൂടെ വെയില്‍ വട്ടങ്ങള്‍ മുറില്‍ ചിന്നിചിതറിക്കിടക്കുന്നു.

അധികമാരും അടുത്തുചെല്ലാത്ത, കട്ടിയുള്ള ചുവന്ന പുറംചട്ടയുള്ള പുസ്തകങ്ങള്‍ അടുക്കിവെച്ച് പൊടിപിടിച്ച്ക്കിടക്കുന്ന അലമാരയില്‍ ഒരനക്കം കെട്ട് അടുത്തുചെന്നപ്പോള്‍ The Condition of the Working Class in ...... എന്നുതുടങ്ങുന്ന പേരുള്ള ഒരു പുസ്തകത്തില്‍ നിന്നും ഒരു താടിക്കാരന്‍1 എന്നെ പിടിച്ചു വലിച്ച് പുസ്തകത്തിലിട്ടു. കണ്ണു തുറന്നപ്പോള്‍ ഞാന്‍ വായനശാലയിലായിരുന്നില്ല. മറ്റൊരു കാലത്തില്‍ മറ്റൊരു ലോകത്തിലായിരുന്നു.

ശാന്താമായൊഴുകുന്ന ഒരു വലിയ നദി. നദിയുടെ തീരത്ത് കോലാഹലങ്ങളൊന്നുമില്ലാത്ത ഒരു പട്ടണം. നദിയുടെ പേര് മൊസല്ലി എന്നാണെന്നും നമ്മളിപ്പോള്‍ പുരാതന ജര്‍മന്‍ നഗരമായ ട്രിയറിലാണെന്നും താടിക്കാരന്‍ പറഞ്ഞു തന്നു. നടന്ന് നടന്ന് ഞങ്ങളൊരു കോളേജിന്റെ അടുത്തെത്തി. കോളേജിന്റെ കവാടത്തില്‍ ജിംനാഷ്യം കോളേജ്, ട്രിയര്‍ എന്ന് വലിയ അക്ഷരത്തില്‍ എഴുതിവെച്ചിരിക്കുന്നു. താടിക്കാരന്‍ എന്റെ കൈപിടിച്ച് വരാന്തയിലൂടെ നടന്ന് ഒരു ക്ലാസ്സ് മുറിയുടെ മുന്നില്‍ കൊണ്ടു നിര്‍ത്തി. ക്ലാസ്സില്‍ ബ്ലാക്ക് ബോര്‍ഡിന് അടുത്തായി തൂക്കിയിട്ടിരിക്കുന്ന കലണ്ടറില്‍ വര്‍ഷം 1835 എന്നും മാസം ആഗസ്റ്റ് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ‘ഉദ്യോഗം തെരെഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു യുവാവിന് ഉണ്ടാകുന്ന ചിന്തകള്‍’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു ആ ക്ലാസിലെ കുട്ടികള്‍. ഒരേ ഭാഷയില്‍ ഒരേ പോലുള്ള പ്രബന്ധങ്ങള്‍ക്കൊടുവില്‍ തലയില്‍ ഒരു കെട്ടുണ്ടായിരുന്നെങ്കില്‍ വിവേകാന്ദന്‍ തന്നെ എന്നെന്റെ മനസ്സില്‍ തോന്നിപ്പിക്കുമാറ് രൂപമുള്ള ഒരു ചെറുപ്പക്കാരന്‍ തന്റെ പ്രബന്ധം വായിക്കാന്‍ തുടങ്ങി.

“ ... മാനവ സമുദായത്തിന്റെ നന്മയ്ക്കായി ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാനുതകുന്ന ഒരു തൊഴിലാണ് നാം തെരെഞ്ഞെടുക്കുന്നതെങ്കില്‍, വൈഷമ്യഭാരങ്ങള്‍ നമ്മുടെ നടു വളയ്ക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ ആ ത്യാഗങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണല്ലോ. അതിലൂടെ നമുക്ക് ലഭിക്കുന്ന ആനന്ദമോ? അത് ക്ഷുദ്രമോ പരിചിതമോ വ്യക്തിപരമോ ആയിരിക്കില്ല. അപ്പോള്‍ നമ്മുടെ കര്‍മ്മങ്ങള്‍ ഒതുക്കത്തോടെയാണെങ്കിലും നിത്യതയിലേക്ക് നീളുന്നു. നന്മ നിറഞ്ഞവരുടെ തിളക്കമാര്‍ന്ന അശ്രുകണങ്ങള്‍ നമ്മുടെ ചിതാഭസ്മത്തില്‍ പതിക്കും..... നമുക്ക് യോജിച്ചതാണെന്ന് വിശ്വസിക്കുന്ന ഒരു തൊഴില്‍ തെരെഞ്ഞെടുക്കാന്‍ മിക്കപ്പോഴും സാധ്യമാകുന്നതല്ല.കാരണം സാമൂഹ്യബന്ധങ്ങള്‍ നാം അറിയാതെ നമുക്കതിനെ മനസ്സിലാക്കാന്‍ സാധിക്കും മുമ്പേ തന്നെ രൂപം കൊള്ളുന്നു ... തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നൊരാള്‍ക്ക് ഒരു പ്രസിദ്ധനായ ശാസ്ത്രജ്ഞനോ വലിയ സിദ്ധനോ മഹാകവിയോ ആയിത്തീരാന്‍ ഒരു പക്ഷെ സാധിക്കുന്നതാണ്. എന്നാല്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ കുറ്റമറ്റവനോ മഹാത്മാവോ ആകുന്നില്ല. ഒരു പൊതുലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച്‌ സ്വയം മഹത്വം നേടുന്നവരെയാണ് ചരിത്രം മഹാത്മാക്കളായി അംഗീകരിക്കുന്നത് ...” 2

അങ്ങനെ തുടര്‍ന്ന ആ പ്രബന്ധ അവതരണം അവസാനിച്ചപ്പോള്‍ ക്ലാസ് മുറിയില്‍ അത്ഭുതവും നിശബ്ദതയും തളംകെട്ടിനിന്നു. താടിക്കാരന്‍ എന്നോട് ആവേശത്തോടെ,സ്വകാര്യമായി പറഞ്ഞു ആ ചെറുപ്പക്കാരന്റെ പേര് മാര്‍ക്സ് എന്നാണെന്ന്.

ഞെട്ടിയുണര്‍ന്നപ്പൊള്‍ വായിച്ച് തീര്‍ത്ത “മാര്‍ക്സ്, നിന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ എന്താണെടുക്കേണ്ടത്‌ ”എന്ന യാത്രാവിവരണത്തില്‍ നിന്നും ലേഖകന്‍ അനികുമാര്‍ ഏ. വി എന്നോട് ചോദിച്ചു,

“എന്ത് തീരുമാനിച്ചു ?”


1 ഫെഡറിക്‌ എംഗല്‍സ്

2 'Reflections of a Young Man On The Choice Of Profession' എന്ന കാറല്‍ മാക്സ് പ്രബന്ധം. അനില്‍കുമാര്‍ ഏ.വിയുടെ മലയാള പരിഭാഷയില്‍ നിന്നും.
Thursday, February 22, 2007

കുളി


Friday, February 16, 2007

ഒറ്റ ഫ്രെയിമില്‍ ഒതുങ്ങാത്തത്

Monday, February 12, 2007

മുറ്റംഈര്‍ക്കില്‍ ചൂലിനും, കോരിചൊരിഞ്ഞ മഴയ്ക്കും മായ്ചുകളയാന്‍ കഴിയാത്ത ചില പാടുകളുണ്ട് ഈ മുറ്റത്ത് . വീണ് വീണ് നടത്തം പഠിച്ചതിന്റെ . ഇങ്ങനെ അവശേഷിക്കുന്ന ചില പാടുകളാണ് എത്ര ദൂരത്തായാലും തിരികെ നടത്തിപ്പിക്കുന്നത് .

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP